ലീഡ്‌സ് യുണൈറ്റഡിന് വേണ്ടി പന്ത് തട്ടുന്ന ബ്രസീലിയൻ യുവതാരം റാപിഞ്ഞയോട് വമ്പന്മാരായ ലിവർപൂളിലേക്ക് ചേക്കേറാൻ ആവശ്യപ്പെട്ട് ബ്രസീലിയൻ ഇതിഹാസ താരം റിവാൾഡോ.റാപിഞ്ഞ നിലവിൽ ബ്രസീലിന് വേണ്ടിയും ലീഡ്‌സിന് വേണ്ടിയും മികച്ച ഫോമിലാണ് പന്തു തട്ടുന്നതെന്നും ലിവർപൂളിലേക്ക് ചേക്കേറിയാൽ അത് അവന്റെ കരിയറിനെ മാറ്റിമറിക്കുമെന്നും റിവാൾഡോ പറഞ്ഞു.

ലീഡ്‌സിന്റെ പത്താം നമ്പറുകാരൻ റാപിഞ്ഞയെ ലിവർപൂൾ നോട്ടമിട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഈയവസരത്തിലാണ് ബ്രസീലിയൻ ഇതിഹാസം റിവാൾഡോയുടെ അഭിപ്രായ പ്രകടനം.കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്നായി 6 ഗോളുകളും ഒമ്പത് അസിസ്റ്റുകളും റാപിഞ്ഞ ലീഡ്‌സിന് വേണ്ടി നേടിയിരുന്നു.ഈ സീസണിലും മികച്ച ഫോമിൽ തന്നെ പന്തു തട്ടുന്ന റാപിഞ്ഞ ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും ലീഡ്‌സ് യുണൈറ്റഡിന് വേണ്ടി ഏഴു മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.റാപിഞ്ഞയുടെ സ്ഥിരതയുള്ള പ്രകടനമികവ് തന്നെയാണ് ലിവർപൂളിന് താരത്തിന് മേൽ താൽപ്പര്യം ജനിപ്പിച്ചത്.

” റാപിഞ്ഞ മികച്ച രീതിയിലാണ് പന്തു തട്ടികൊണ്ടിരിക്കുന്നത്. ലിവർപൂളിന് താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് കേൾക്കുന്നു.അവൻ ലിവർപൂളിൽ ചേർന്നാൽ ഫസ്റ്റ് ഇലവനിൽ എപ്പോഴും അവസരം കിട്ടണമെന്നില്ല.പക്ഷെ അവന്റെ കരിയറിൽ ഇതൊരു വലിയ ചുവടുവെപ്പായിരിക്കും” – റിവാൾഡോ പറഞ്ഞു.

ലിവർപൂളിൽ ചേക്കേറിയാൽ കിരീടങ്ങൾക്ക് വേണ്ടി പോരാടാൻ സാധിക്കും.കൂടാതെ ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയും ബ്രസീൽ ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമായി മാറാൻ സാധിക്കുകയും ചെയ്യും.വലിയ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാനുള്ള ക്വാളിറ്റി അവനിലുണ്ട് ” – റിവാൾഡോ കൂട്ടിച്ചേർത്തു.