യുഎഇയിലെ രണ്ടാം പാദത്തിലെ ആദ്യമത്സരത്തിൽ ചെന്നൈയോട് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്തയുമായി പരിശീലകൻ മഹേള ജയവർധന. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന നായകൻ രോഹിത് ശർമ അടുത്ത മത്സരത്തിൽ ഉണ്ടാവുമെന്നാണ് പരിശീലകൻ വ്യക്തമാക്കിയത്. ഇംഗ്ലണ്ടിൽ നിന്ന് എത്തിയതിനു ശേഷം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കൂടുതൽ ദിവസം വേണ്ടി വന്നതുകൊണ്ടാണ് താരം ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിക്കാത്തതെന്നും ജയവർധന വ്യക്തമാക്കി.

അതേസമയം ചെന്നൈയ് ക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യം സംശയമാണ്. പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനാവാത്തതാണ് ഹർദിക് പാണ്ഡ്യ ഇന്നലെ കളിക്കാതിരിക്കാനുള്ള കാരണം.എന്നാൽ അടുത്ത മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യം സംശയമാണ്. സെപ്തംബർ 23ന് കൊൽക്കത്തയ്ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.