ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലെത്തിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വേതനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫ്രഞ്ച് പത്രമായ ”ല എക്വിപ്പെ”. മൂന്നു വര്‍ഷത്തെ കരാര്‍ കാലയളവില്‍ 94 മില്യണ്‍ പൗണ്ട് (952 കോടിയോളം രൂപ) മെസിക്ക് ശമ്പള ഇനത്തില്‍ സ്വന്തമാകും. ആദ്യ സീസണില്‍ 25.6 മില്യണ്‍ പൗണ്ടും (260 കോടിയോളം രൂപ) തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ 34.1 മില്യണ്‍ പൗണ്ട് (345 കോടിയിലേറെ രൂപ)വീതവും മെസിക്ക് ശമ്പള ഇനത്തില്‍ ലഭിക്കും.
പിഎസ്ജിയില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ക്ക് തുല്യമായ പ്രതിഫലമാണ് മെസിക്ക് ലഭിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പിഎസ്ജയിലേക്ക് മാറുമ്പോള്‍ മെസി ട്രാന്‍സ്ഫര്‍ ബോണസ് കൈപ്പറ്റാത്തതിനാൽ ലോയല്‍റ്റി ബോണസായി 12.8 മില്യണ്‍ പൗണ്ടും (130 കോടിയോളം രൂപ) മെസ്സിക്ക് ലഭിക്കും. പിഎസ്ജിയുടെ ക്രിപ്‌റ്റോ കറന്‍സിയിലൂടെ മൂന്ന് വര്‍ഷത്തിൽ 30 മില്യണ്‍ യൂറോയും (260 കോടിയോളം രൂപ) മെസിയുടെ പോക്കറ്റിലെത്തും.