ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബാണ് എഫ്‌സി ബാഴ്‌സലോണ.പക്ഷെ കോവിഡ് വ്യാപനത്തിന് ശേഷവും ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൗവിന്റെ കസേരകൾ പലതും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ താരങ്ങളെ കൂട്ടത്തോടെ വിറ്റഴിച്ച ബാഴ്‌സയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ എണ്ണത്തിലുള്ള കുറവ്.സെപ്റ്റംബർ പതിനഞ്ചിന് ബയേൺ മ്യുണിക്കിനെതിരെ നൗ ക്യാമ്പിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിനുള്ള 40,000 ടിക്കറ്റുകളിൽ 31,213 ടിക്കറ്റുകൾ മാത്രമേ ഇപ്പോൾ വിറ്റുപോയിട്ടുള്ളൂ. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ വമ്പന്മാരുടെ പോരാട്ടമായിട്ടും ആരാധകരുടെ എണ്ണത്തിലുള്ള കുറവ് ക്ലബ് മാനേജ്മെന്റിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ലാ ലീഗയിലെ ഗെറ്റാഫെയ്‌ക്കെതിരായ മത്സരത്തിലും ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ബാഴ്‌സ താരങ്ങൾ പന്തു തട്ടിയത്.ലയണൽ മെസ്സിയും ടീം വിട്ടതോടെ ആരാധകരെ ഗാലറിയിലേക്ക് എത്തിക്കാൻ തക്ക താരമൂല്യമുള്ള സൂപ്പർസ്റ്റാറുകൾ ടീമിലില്ലാത്തത് ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്.