ഏറ്റവും പൂർണ്ണതയുള്ള ഫുട്ബോൾ താരമെന്നാണ് ബ്രസീലിയൻ താരം ഡാനി ആൽവസിനെ ഫുട്ബോൾ നിരീക്ഷകർ വിശേഷിപ്പിക്കാറുള്ളത്.ലോകത്തിൽ ഏറ്റവുമധികം ഫുട്ബോൾ കിരീടങ്ങളും നേടിയ ആൽവസ് പക്ഷെ ഇപ്പോൾ ഫ്രീ ഏജന്റാണ് എന്നതാണ് കൗതുകം.2019- ൽ യൂറോപ്പിനോട് വിട പറഞ്ഞ് ബ്രസീലിലേക്ക് മടങ്ങിയ ഡാനി തന്റെ കുട്ടിക്കാലത്തെ ഇഷ്ട ക്ലബ് സാവോ പോളോയിലേക്ക് മടങ്ങിപ്പോയിരുന്നു.രണ്ടു സീസൺ ബ്രസീലിയൻ ക്ലബ്ബിൽ പന്തു തട്ടിയ ഡാനി വേതനം മുടങ്ങിയതിന്റെ കാരണത്താൽ ഇനി സാവോ പോളോയ്ക്ക് വേണ്ടി കളിക്കില്ലെന്ന് ക്ലബ് അധികൃതരെ അറിയിച്ചിരിക്കുകയാണ്.

സാവോ പോളോയിൽ ചേർന്നതോടെ സൗത്ത് അമേരിക്കയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമായി ഡാനി ആൽവസ് മാറിയിരുന്നു.നിലവിൽ അമേരിക്കൻ ക്ലബ്ബുകളും അർജന്റീനൻ ക്ലബ്ബുകളുമായ ബോക്ക ജൂനിയേഴ്സും റിവർപ്ലേറ്റും താരത്തെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാൽ താരം ബ്രസീലിൽ തന്നെ തുടരാനാണ് സാധ്യത.അടുത്ത വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിലേക്കുള്ള ബ്രസീൽ ദേശീയ ടീമിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ് താരം.