കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ പിന്തുണച്ച ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് തിയാഗോ സിൽവ.” ഞങ്ങൾക്കെതിരെ സംസാരിച്ചവർക്ക് ഇപ്പോൾ സന്തോഷമായി കാണും”- സിൽവ ഇൻസ്റ്റാഗ്രാമിൽ എഴുതി.ബ്രസീലിലെ കോവിഡ് വ്യാപനം തടയാൻ സർക്കാർ കാണിച്ച അലംഭാവത്തിനെതിരെയും ഇതേതുടർന്ന് ഈയൊരുവസരത്തിൽ കോപ്പ സംഘടിപ്പിക്കുന്നതിനെതിരെയും പ്രതിഷേധിച്ച് നിരവധി ആരാധകർ രംഗത്തുവന്നിരുന്നു.കുറച്ച് ആരാധകർ ഫൈനലിൽ അർജന്റീനയ്ക്ക് പരസ്യമായി പിന്തുണ അറിയിക്കുകയും ചെയ്തു.ബദ്ധവൈരികളായ അര്ജന്റീനയ്‌ക്കെതിരെ ഫൈനൽ മത്സരം കളിക്കാൻ ഇറങ്ങുമ്പോൾ ആരാധകരുടെ പിന്തുണ ഏറെ ആവശ്യമുള്ള സമയമായിട്ടും ആരാധകരുടെ പ്രവർത്തി ബ്രസീൽ താരങ്ങളെ മാനസികമായി ഏറെ തളർത്തിയിരുന്നു.

” തിരിച്ചടികൾ എല്ലാം മറികടന്ന് അതിശക്തമായി നമ്മൾ തിരിച്ചുവരും.നമ്മൾ തോൽക്കാൻ കാത്തിരുന്നവർക്ക് ഇപ്പോൾ സന്തോഷമായിക്കാണും.പക്ഷെ ഇനി സുഹൃത്തുക്കളെ പോലെ നടിച്ച് ഞങ്ങളുടെ അടുത്തേക്ക് വരരുത്” – സിൽവ പറഞ്ഞു.

അർജന്റീനയിലും കൊളംബിയയിലും സംയുക്തമായി കോപ്പ അമേരിക്ക സംഘടിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.പക്ഷേ കോവിഡ് വ്യാപനവും ആഭ്യന്തര കലാപങ്ങളും കാരണം അവസാന നിമിഷം ടൂർണമെന്റ് ബ്രസീലിലേക്ക് മാറ്റുകയായിരുന്നു.ബ്രസീലിലും കോവിഡ് വ്യാപനം വൻ തോതിൽ റെക്കോർഡ് ചെയ്യപ്പെടുന്ന സമയത് ടൂർണമെന്റ് നടത്തുന്നതിനെതിരെ ബ്രസീൽ താരങ്ങൾ ഒറ്റകെട്ടായി രംഗത്തുവന്നിരുന്നു.