ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം നേടിയപ്പോഴും മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് നിരാശയായത് സഞ്ജുസാംസൺ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കാത്തതാണ്. ഇന്നലെ ടോസിന് മുമ്പ് വരെ സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടോസിനെത്തിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ പുതുമുഖങ്ങളായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അരങ്ങേറുമെന്നറിയിച്ചതോടെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയായി.

കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കാണ് സഞ്ജുവിനെ ഒഴിവാക്കാന്‍ കാരണം എന്നാണ് ബി.സി.സി.ഐ വ്യക്തമാക്കിയത്. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. പരമ്പരയ്ക്കു മുമ്പായുള്ള ആദ്യ രണ്ടു സന്നാഹ മത്സരങ്ങളിലും സഞ്ജു കളിക്കാഞ്ഞതും ഈ പരുക്ക് കാരണമാണത്രേ.

എന്നാല്‍ അവസാന സന്നാഹ മത്സരത്തില്‍ കളിച്ച സഞ്ജു മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷേ അവസാന സന്നാഹ മത്സരത്തിനിടെ സഞ്ജുവിന് വീണ്ടും കാല്‍മുട്ടിന് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാൽ സഞ്ജുവിന്റെ പരുക്ക് അല്‍പം ഗുരുതര സ്വഭാവമുള്ളതാണെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ലിഗമെന്റിനേറ്റ പരുക്കായതിനാല്‍ ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ പരുക്ക് വഷളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സഞ്ജുവിനെ അടുത്ത രണ്ടു മത്സരങ്ങളില്‍ക്കൂടി പുറത്തിരുത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെ വന്നാല്‍ സഞ്ജുവിന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമാകും. ട്വന്റി 20 പരമ്പരയ്ക്കു മുമ്പായി സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.