ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി തന്നെ സ്വന്തമാക്കുമെന്നു മറ്റാരും അതിനായി കൊതിക്കേണ്ടയെന്നും ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനം നോക്കിയാണ് പുരസ്‌കാരം നല്‍കുന്നതെങ്കില്‍ മെസിക്കു മുകളില്‍ നില്‍ക്കാന്‍ മറ്റാരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇക്കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്നു മെസി. പലപ്പോഴും ലോകത്തെ മികച്ച താരം താന്‍ തന്നെയാണെന്നു തെളിയിക്കുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ മെസ്സിക്കായെന്നും കോമാൻ പറഞ്ഞു.

ഈ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. 26 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളും നേടി. ലാ ലിഗയില്‍ ടോപ് സ്‌കോറര്‍ക്കുള്ള പിച്ചീച്ചി അവാര്‍ഡും മെസിക്കായിരുന്നു.കോപ്പാ അമേരിക്കയില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളും നേടി. കോപ്പാ അമേരിക്ക കിരീടത്തിനു പുറമേ സീസണില്‍ കോപ്പാ ഡെല്‍ റേ കിരീടവും മെസി നേടിയിട്ടുണ്ട്.ഇത്രയും നേട്ടങ്ങളുള്ള മെസിയുടെ ഏഴയലത്ത് പോലും മറ്റു താരങ്ങള്‍ വരില്ല എന്നതാണ് വീണ്ടും ബാലൻ ഡി ഓറിന് മെസ്സിക്ക് സാധ്യത കൽപ്പിക്കുന്നത്.