മാച്ച് ഫിക്സിങ് തടയുന്നതിന് വേണ്ടി സ്വന്തം ടീമിനെതിരെ രണ്ടു സെല്‍ഫ് ഗോളടിച്ച് ഘാന ഡിഫന്‍ഡര്‍. ഇന്റര്‍ അലിസ് ക്ലബിന് വേണ്ടി കളിക്കുന്ന പ്രതിരോധ നിര താരം ഹഷ്മിന്‍ മുസാഹാണ് ബെറ്റിങ് തടയാന്‍ വേണ്ടി മനപ്പൂര്‍വ്വം സ്വന്തം ഗോള്‍പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റിയത്.ഘാന പ്രീമിയര്‍ ലീഗില്‍ ഇന്റര്‍ അലീസും അശാന്റി ഗോള്‍ഡും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ഇന്റര്‍ തോറ്റിരുന്നു.രണ്ടാം പകുതിയില്‍ പകരക്കാരനായി കളിക്കാനിറങ്ങി അവസാന പന്ത്രണ്ട് മിനുറ്റിനിടെയാണ് മുസാഹ് രണ്ടു സെല്‍ഫ് ഗോളുകളും നേടിയത്.

മത്സരത്തിന് മുമ്പ് സ്കോര്‍ നില എന്തായിരിക്കണമെന്ന് എന്ന് നിശ്ചയിച്ചുകൊണ്ടുള്ള ബെറ്റിങ് നടന്നിരുന്നുവെന്നും ഇത് പൊളിക്കാനാണ് താന്‍ ഇരട്ട സെല്‍ഫ് ഗോളുകള്‍ അടിച്ചതെന്നും മുസാഹ് പറഞ്ഞു.മത്സരശേഷം ബെറ്റിങ് തകര്‍ത്തതിന് ടെക്നിക്കല്‍ ടീം തന്നെ വഴക്ക് പറഞ്ഞതായും മുസാഹ് വെളിപ്പെടുത്തി.

” എനിക്ക് കളിക്കാന്‍ അവസരം തന്നാല്‍ ബെറ്റിങ് പൊളിക്കുമെന്ന് ഞാന്‍ കോച്ചിന് വാക്ക് നല്‍കിയിരുന്നു.മത്സര ശേഷം എന്റെ ടീം എന്നെ അഭിനന്ദിക്കുകയും ചെയ്തു.5-1 എന്ന സ്കോറിന് തന്റെ ക്ലബ് തോല്‍ക്കാന്‍ ബെറ്റിങ് നടന്നതായി നേരത്തെ ഞാന്‍ അറിഞ്ഞിരുന്നു.ബെറ്റിങിന് എതിരായത് കൊണ്ടാണ് ഈ പ്രവൃത്തി ചെയ്തത്” – മുസാഹ് പറഞ്ഞു.

മുസാഹിന്റെ സെല്‍ഫ് ഗോളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഘാന പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം മാച്ച് ഫിക്സിങില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് അശാന്റി ഗോള്‍ഡ് ക്ലബ് അധികൃതര്‍ അറിയിച്ചു.