പ്രായം 38 . യൂറോപ്പിലെ മുൻ നിര ലീഗുകളിലായി 20 സീസണുകൾ കളിച്ചു. 41 കിരീടങ്ങൾ നേടി.ഇപ്പോൾ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബോൾ ദേശീയ ടീമിന്റെ നായകനാണ്.പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല, കാനറികളുടെ എക്കാലെത്തയും മികച്ച താരങ്ങളിലൊരാളായ ഡാനി ആൽവസിനെക്കുറിച്ചാണ്.ലോകത്തിലെ മികച്ച റൈറ്റ് ബാക്കായ ഡാനി ആൽവസിന്റെ ഷെൽഫിൽ ഇല്ലാത്ത കിരീടങ്ങിലൊന്ന് ഒളിമ്പിക് ഗോൾഡ് മെഡലും പിന്നെ ലോകക്കപ്പുമാണ്. രണ്ടു ലോകകപ്പുകളിലും നാല് കോപ്പ അമേരിക്കയിലും രണ്ട് കോൺഫെഡറേഷൻസ് കപ്പുകളിലും ബ്രസീലിനായി ജേഴ്സിയണിഞ്ഞ ഡാനി ആൽവസിന് കിട്ടാക്കനിയായിട്ടുള്ളത് ലോകകപ്പും ഒളിമ്പിക് ഗോൾഡ് മെഡലുമാണ്.ബ്രസീലിനൊപ്പം കോപ്പ അമേരിക്കയും ഫിഫ കോൺഫെഡറേഷൻസ് കപ്പും നേടിയിട്ടുള്ള ഡാനി ഇതുവരെ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ല എന്നുള്ളതാണ് കൗതുകം.ഇത്തവണ ടീമിന്റെ നായകനായ ഡാനിക്ക് തന്റെ കരിയറിൽ പുതിയൊരു കിരീടം തുന്നിച്ചേർക്കാനുള്ള സുവർണാവസരമാണ് വന്നുചേർന്നിരിക്കുന്നത്.റിചാർലിസൺ ആൽവസ് എന്നിവരാണ് ഒളിംപിക്സിനുള്ള ബ്രസീൽ സ്‌ക്വാഡിലെ പരിചയസമ്പന്നർ.ബാക്കി താരങ്ങളൊക്കെയും 23 വയസ്സിന് താഴെയുള്ളവരാണ്.ഡാനിയെ പോലുള്ള പരിചയസമ്പന്നനായ താരം ടീമിലുള്ളത് യുവതാരങ്ങൾക്ക് പ്രചോദനമാണെന്നും ബ്രസീലുകാർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഡാനി ആൽവെസെന്ന് പരിശീലകൻ ആന്ദ്രേ ജാർഡിൻ പറഞ്ഞു.ഒളിമ്പിക് ഗോൾഡ് മെഡലിന് പുറമെ അടുത്ത വര്ഷം ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിലും കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് വെറ്ററൻ താരം .ജൂലൈ 22 ന് ജര്മനിയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യത്തെ മത്സരം.