കോപ്പൻഹേഗൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യൻ എറിക്സണ് തക്ക സമയത്ത് വൈദ്യ സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയ സഹതാരവും ഡെന്‍മാര്‍ക്ക് ടീമിന്റെ നായകനുമായ സൈമന്‍ കെയറാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ഹീറോ. ത്രോ ബോള്‍ സ്വീകരിക്കാനൊരുങ്ങിയ എറിക്സണ്‍ കുഴഞ്ഞുവീഴുന്നത് കണ്ട സൈമണ്‍ ഉടന്‍ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്തു.

അബോധാവസ്ഥയിൽ നാവ് വിഴുങ്ങിപ്പോകുമായിരുന്ന എറിക്സണെ അതിനനുവദിക്കാതെ പിടിച്ചു നിർത്തി മെഡിക്കൽ സംഘത്തിന് വലിയ സഹായമാണ് സൈമൺ ചെയ്തത്.
ഗ്രൗണ്ടിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയ എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.സൈമണിന്റെയും റഫറി ടെയ്ലറുടെയും സമയോചിത ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അപകട സാധ്യത കൂടിയേനെ.സങ്കടമടക്കാനാവാതെ പൊട്ടിക്കരഞ്ഞ എറിക്സന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും സൈമണ്‍ മുന്നിലുണ്ടായിരുന്നു.

എറിക്സണിന്റെ സഹതാരമായ സൈമൺ ഡെന്മാർക്കിനായി നൂറിലധികം കളിച്ച താരമാണ്. നിലവിൽ സിരി എയിൽ എ.സി.മിലാന്റെ സെന്റർ ബാക്കാണ് താരം.