കോപ്പ അമേരിക്ക ബ്രസീലിൽ സംഘടിപ്പിക്കുന്നതിനെതിരെ ബ്രസീൽ താരങ്ങൾ ഒറ്റക്കെട്ടാണെന്ന് സൂപ്പർ താരം കാസിമിറോ.യൂറോപ്പിൽ കളിക്കുന്ന താരങ്ങൾ മാത്രമല്ല,ടീമിലെ എല്ലാവരും പരിശീലകൻ ടിറ്റെയും ബ്രസീലിൽ കോപ്പ അമേരിക്ക സംഘടിപ്പിക്കുന്നതിന് എതിരാണെന്ന് കാസീമിറോ പറഞ്ഞു.ഇന്ന് പുലർച്ചെ നടന്ന ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാണ് താരത്തിന്റെ പ്രതികരണം .മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു.സൂപ്പർ താരം നെയ്മർ, റീചാർലിസൺ എന്നിവരാണ് കാനറിപ്പടയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

നേരത്തെ കൊളമ്പിയ അര്ജന്റീന എന്നീ രാജ്യങ്ങളിൽ സംയുക്തമായി കോപ്പ അമേരിക്ക നടത്താനായിരുന്നു തീരുമാനം.പക്ഷെ രാജ്യങ്ങളിലെ ആഭ്യന്തര കലാപവും കോവിഡ് വ്യാപനവും മൂലം ടൂർണമെന്റ് മറ്റൊരു വേദിയിലേക്ക് മാറ്റാൻ ലാറ്റിനമേരിക്കൻ ഫുട്ബോൾ അസ്സോസിയഷൻ നിർബന്ധിതരാവുകയായിരുന്നു.ഇതിനെത്തുടർന്നാണ് കോപ്പ വീണ്ടും ബ്രസീലിലേക്കെത്തുന്നത്.പക്ഷെ ബ്രസീലിലും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ തങ്ങൾ കളിക്കില്ലെന്ന് ബ്രസീൽ ടീം വ്യക്തമാക്കുകയായിരുന്നു. ജൂൺ എട്ടിന് പരാഗ്വേയുമായുള്ള മത്സരത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് കാസീമിറോ വ്യക്തമാക്കി.