മലയാളി സൂപ്പർ താരം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക് .ജംഷഡ്‌പൂർ എഫ്‌സിയാണ് അനസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. 2017ൽ ജംഷഡ്പൂരിന്റെ താരമായിരുന്ന അനസ് ഇത്തവണ ഫ്രീ ട്രാൻസ്ഫറിലായിരിക്കും ക്ലബ്ബിലേക്ക് മടങ്ങിയെത്തുക.

ഐഎസ്എല്ലിലെ തന്നെ റെക്കോർഡ് തുകയായ 1.10 കോടി രൂപയ്ക്കാണ് അന്ന് ജംഷഡ്‌പൂർ എഫ്‌സി താരത്തെ സ്വന്തമാക്കിയിരുന്നത്. ജംഷഡ്‌പൂരിന് പുറമെ ഡൽഹി ഡൈനാമോസിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും അനസ് പന്തു തട്ടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു ജംഷഡ്പൂർ. 20 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായിരുന്നു ക്ലബിന്റ സമ്പാദ്യം.