ഉത്തരാഖണ്ഡ് പരിശീലക സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വസീം ജാഫറിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെയും ഇർഫാൻ പത്താനും. ശരിയായ കാര്യമാണ് ചെയ്തതെന്ന് കുംബ്ലെ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. താങ്കൾക്ക് ഇതൊക്കെ വിശദീകരിക്കേണ്ടി വന്നത് സങ്കടപ്പെടുത്തുന്നു എന്ന് ഇർഫാനും ട്വീറ്റ് ചെയ്തു.

സെലക്ടർമാർ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ചാണ് ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം കഴിഞ്ഞ ദിവസം രാജി വെച്ചത്.ഇതിന് പിന്നാലെയാണ് ടീം സിലക്ഷനില്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ ജാഫറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.വസീം ജാഫര്‍ ഡ്രസ്സിങ്​ റൂമിനെ വർഗീയവല്‍കരി​ക്കാന്‍ ശ്രമിക്കുന്നെന്നും മുസ്​ലിം താരങ്ങൾക്ക് ടീമില്‍​ മുൻഗണന നൽകുകയാണെന്നുമായിരുന്നു മാഹിം വര്‍മയുടെ ആരോപണം.വര്‍ഗീയതയുടെ ചുവടുപിടിച്ച് വിവാദം കൊഴുത്തതോടെ വസീം ജാഫറും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്നാണ് അനില്‍ കുംബ്ലെ അടക്കമുള്ളവര്‍ ജാഫറിനെ പിന്തുണച്ച് രംഗത്തെത്തിയത്.’നിങ്ങളോടൊപ്പമാണ് വസീം, നിങ്ങള്‍ ചെയ്തതാണ് ശരി, നിര്‍ഭാഗ്യവശാല്‍ താങ്കളെപ്പോലെയൊരു പരിശീലകന്‍റെ സാമീപ്യം കളിക്കാര്‍ക്ക് നഷ്ടപ്പെടും’ അനില്‍ കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു.

അനില്‍ കുംബ്ലക്ക് പിന്നാലെ വിദര്‍ഭ ടീം അംഗങ്ങളും വസീം ജാഫറിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.