ഐഎസ്എല്ലില്‍ ജെംഷഡ്‌പൂര്‍ എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്ക് വിജയം. ആദ്യ മിനുറ്റില്‍ തന്നെ ഗോള്‍ പിറന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെന്നൈയിന്റെ വിജയം. മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ അനിരുദ്ധ് ഥാപ്പ ചെന്നൈയ്ക്ക് വേണ്ടി വല കുലുക്കി. വലതുവിങ്ങില്‍ നിന്ന് ഇസ്‌മ നിലംതൊട്ട് മിന്നല്‍ പാസ് പൊഴിച്ചപ്പോള്‍ ബോക്‌സില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു ഥാപ്പ.

25-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇസ്‌മ ചെന്നൈയിന്‍റെ ലീഡ് നില 2-0 ആക്കി. എന്നാല്‍ 37-ാം മിനുറ്റില്‍ ജെംഷഡ്‌പൂര്‍ വാല്‍സ്‌കിസിലൂടെ ആദ്യ മറുപടി നല്‍കി. ജാക്കിചന്ദിന്‍റെ മനോഹര പാസില്‍ വാല്‍സ്‌കിസ് പന്ത് ഹെഡറിലൂടെ വലയിലാക്കി. എന്നാൽ പിന്നീട് ഗോളുകളൊന്നും പിറക്കാത്ത മത്സരത്തിൽ ചെന്നൈയിൻ വിജയം സ്വന്തമാകുകയിരുന്നു.