ഐഎസ്എല്ലിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ആവേശ സമനില. മുൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും കരുത്തരായ എഫ്സിഗോവയും കളത്തിലിറങ്ങിയ മത്സരം 2-2 ന് പിരിയുകയായിരുന്നു. രണ്ടു ഗോളിന്​ പിന്നിട്ടു നിന്നതിനു ശേഷമായിരുന്നു ഗോവയുടെ തിരിച്ച് വരവ്.

ബംഗളൂരുവിനായി യുവാനാനും സെലിറ്റണ്‍ സില്‍വയും ഗോള്‍ നേടിയപ്പോള്‍, ഗോവക്കായി ഇഗോര്‍ അംഗുലോവാണ്​ തിരിച്ചടിച്ചത്​.

28ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം സെലിടണ്‍ സില്‍വ ഹെഡറിലൂടെയാണ് ബെംഗളൂരുവിലെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എറിക്​ പാര്‍തലുവിന്റെ പാസില്‍ പ്രതിരോധ താരം യുവാനാനും ഗോള്‍ നേടിയതോടെ ബംഗളൂരു 2 ഗോളുകൾക്ക് മുന്നിലായി. രണ്ടു ഗോളിന്​ പിന്നിട്ടു നിന്ന ഗോവ ഇഗോള്‍ അംഗുലോയിലൂടെയാണ് ഉശിരന്‍ തിരിച്ചുവരവ് നടത്തിയത്.66, 69 മിനിറ്റുകളിലായിരുന്നു അംഗുലോയുടെ ഗോളുകൾ. പിന്നീട് ഗോവ ഗോളുകൾ അടിക്കാൻ ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം വില്ലനാവുകയായിരുന്നു.