സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കുന്നതിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി പിന്മാറിയതായി റിപ്പോർട്ട്.പ്രമുഖ സ്പോർട്സ് വെബ്സൈറ്റായ സ്കൈ സ്പോർട്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ട്രാൻസ്‌ഫർ കാലം മുതൽ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ അക്ഷീണം പ്രയത്‌നം നടത്തികൊണ്ടിരിക്കുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി.

അടുത്ത വര്ഷം ജൂണിൽ മെസ്സിയും ബാഴ്സയും തമ്മിലുള്ള കരാർ അവസാനിക്കുകയാണ്.ബാഴ്സ മാനേജ്‌മെന്റുമായി ഉടക്കിനിൽക്കുന്ന മെസ്സി കരാർ കാലാവധി കഴിയുന്നതോടുകൂടി ക്ലബ് വിടുമെന്ന അഭ്യൂഹം നിലനിൽക്കുകയാണ്.ഇതിനിടെയാണ് മെസിക്ക് പിന്നാലെ സിറ്റി ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍‌ പുറത്തുവരുന്നത്.

മെസിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് സ്കൈ സ്പോർട്സ് ചൂണ്ടിക്കാണിക്കുന്നത്.

‘മെസിയുടെ കരിയറിന്‍റെ അസ്തമയ കാലമാണിത്, കഴിഞ്ഞ 17 വര്‍ഷം ബാഴ്സയില്‍ കണ്ട മെസിയില്‍ നിന്നും ഇപ്പോള്‍ മെസി ഒരുപാട് മാറിയിരിക്കുന്നു’, കോവിഡ് സാഹചര്യത്തില്‍ മെസിയെ വാങ്ങുന്നത് സാമ്പത്തികമായും പ്രയാസമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മെസി ഫ്രീ ട്രാന്‍സ്ഫറില്‍ വന്നാലും മെസിയുടെ ശമ്പളം തന്നെ ഒരു ക്ലബിനും ഈ സാഹചര്യത്തില്‍ വഹിക്കാനാവില്ലെന്നും സ്കൈ സ്പോർട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.മെസി ബാഴ്സയില്‍ കരിയര്‍ അവസാനിപ്പിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ബാഴ്സയുടെ മുൻ പരിശീലകനും നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗാര്‍ഡിയോള കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.