ആദ്യം പെനാല്‍റ്റി മിസ്സ്,പിന്നെ വില്ലനായി ‘വാര്‍’,
അവസാനം ഇഞ്ച്വറി മിനുറ്റില്‍ സമനില ഗോള്‍.
സംഭവബഹുലമായിരുന്ന ദിവസമായിരുന്നു സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന് ഇന്നലെ.സീസണില്‍ മൂന്നാം തവണയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇബ്രാഹിമോവിച്ച് ഇഞ്ച്വറി മിനുറ്റില്‍ ഗോള്‍ നേടി മിലാന് വിലപ്പെട്ട പോയിന്റ് നേടികൊടുക്കുകയും ചെയ്തു.വെറോണക്കെതിരായ മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയത് മിലാനായിരുന്നു.ആറാം മിനുറ്റില്‍ ബരാക്കിന്റെ ഗോളിലൂടെ മുന്നിലെത്തിയ വെറോണ പത്തൊമ്പതാം മിനുറ്റില്‍ മിലാന്‍ താരം കലാബ്രിയയുടെ സെല്‍ഫ് ഗോളില്‍ ലീഡുയുയര്‍ത്തി. വെറോണ താരം മഗ്നാനിയുടെ സെല്‍ഫ് ഗോളില്‍ ആദ്യ ഗോള്‍ നേടിയ മിലാന്‍ തുടര്‍ന്ന് കളിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും സമനില ഗോള്‍ നേടാന്‍ ഇഞ്ച്വറി മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.സൂപ്പര്‍ താരം ഇബ്രാഹിമോവിച്ച് നേടിയ അസിസ്റ്റും ഗോളും ‘വാര്‍’ നിഷേധിച്ചപ്പോള്‍ മിലാന്‍ തങ്ങളുടെ സീസണിലെ ആദ്യ തോല്‍വി മണത്തതാണ്.പക്ഷേ അവിടെ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത പോരാളി അവരുടെ കൂടെയുണ്ടായിരുന്നു.സീസണിലെ മൂന്നാം പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇബ്രയ്ക്ക് മുന്നില്‍ വാര്‍ രണ്ടുതവണ വില്ലനായി അവതരിച്ചു.ഒടുവില്‍ 93ആം മിനുറ്റില്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഇബ്രാഹിമോവിച്ച് വല കുലുക്കി.തോല്‍വിയറിയാതെ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന മിലാന്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.