ചാമ്പ്യൻസ് ലീഗ്‌ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയും യുവന്റസിനെ മറികടന്ന് ഒളിമ്പിക് ലിയോണും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന സിറ്റി- റയൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി സിദാന്റെ റയലിനെ തകർത്തത്. ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെയുടെ പിഴവുകൾ മുതലെടുത്തായിരുന്നു സിറ്റി രണ്ടു ഗോളുകളും നേടിയത്. സിറ്റിക്ക് വേണ്ടി റഹീം സ്റ്റിർലിംഗും ഗബ്രിയേൽ ജീസസും ഗോൾ നേടിയപ്പോൾ റയലിനായി ഏകഗോൾ നേടിയത് കരീം ബെൻസീമയായിരുന്നു. ഇന്നത്തെ വിജയവും ആദ്യ പാദത്തിലെ 2-1 എന്ന വിജയവും ചേർത്തു 4-2 എന്ന മാർജിനോടൊയാണ് സിറ്റിയുടെ ക്വാർട്ടർ പ്രവേശനം.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഒളിമ്പിക് ലിയോണിനോട് 2-1 ന് വിജയിച്ചെങ്കിലും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ക്വാർട്ടർ കാണാതെ പുറത്തായി. ആദ്യ പാദത്തിൽ ലിയോണിനോട് ഏക ഗോളിൽ പരാജയപ്പെട്ടത്താണ് യുവന്റസിന്റെ ക്വാർട്ടർ മോഹങ്ങൾ തകർത്തത്. ഇരു പാദങ്ങളിലുമായി 2-2 എന്ന സ്‌കോർ നിലയാണെങ്കിലും ഇന്ന് നേടിയ എവേ ഗോളിന്റെ കരുത്തിൽ ലിയോൺ അവസാന എട്ടിൽ പ്രവേശിക്കുകയായിരുന്നു. ഇന്ന് യുവന്റസിനായി ക്രിസ്റ്റിയാനോ റൊണാൾഡോ രണ്ടു ഗോളും ലിയോണിനായി ഡിപേ ഒരു ഗോളും നേടി.