സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെയാണ് താരം ക്ലബ് വിടാനുള്ള സന്നദ്ധത തന്റെ ഏജന്റിനെ അറിയിച്ചതെന്നാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതേത്തുടര്‍ന്ന് അടുത്ത ആഴ്ച ലിസ്ബണില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരത്തിന് ശേഷം പിഎസ്ജി ഡയറക്ടര്‍ ലിയണാര്‍ഡോയുമായി റൊണാള്‍ഡോയുടെ ഏജന്റ് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ റൊണാള്‍ഡോയുടെ വേതനവും ട്രാന്‍സ്ഫര്‍ തുകയും മുടക്കാന്‍ തക്ക സാമ്പത്തിക ശേഷിയുള്ള ക്ലബാണ് പിഎസ്ജി.അതുകൊണ്ട് തന്നെ ഫ്രാന്‍സില്‍ കളിക്കണമെന്ന് റൊണാള്‍ഡോ ആഗ്രഹിച്ചാല്‍ ട്രാന്‍സ്ഫര്‍ നടക്കുമെന്നുറപ്പാണ്.

വ്യക്തിഗത മികവില്‍ മികച്ച ഫോമില്‍ പന്തുതട്ടുമ്പോഴും ടീമെന്ന നിലയില്‍ യുവന്റസ് പരാജയപ്പെടുന്നതാണ് റൊണാള്‍ഡോയെ നിരാശനാക്കുന്നത്.റയലില്‍ നിന്ന് യുവന്റസിലേക്ക് കൂടുമാറിയതിന് ശേഷം ഇറ്റാലിയന്‍ ലീഗ് തുടര്‍ച്ചയായ രണ്ടു പ്രാവശ്യവും സ്വന്തമാക്കാന്‍ സാധിച്ചുവെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ രണ്ടുതവണയും പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുകയായിരുന്നു യുവന്റസ്.ചാമ്പ്യന്‍സ് ലീഗില്‍ ഏറെ റെക്കോര്‍ഡുകളുള്ള താരത്തിന് യുവന്റസിന്റെ മോശം പ്രകടനം വിലങ്ങുതടിയായി മാറിയിരിക്കുകയാണ്.ചാമ്പ്യന്‍സ് ലീഗിലെ പുറത്താവലിന് ശേഷം പരിശീലകന്‍ സാറിയെ പുറത്താക്കിയിരുന്നു യുവന്റസ്.