ചാമ്പ്യൻസ് ലീഗ്‌ ക്വാർട്ടർ ഫൈനലിൽ ബാഴ്‌സയെ നാണം കെടുത്തി ബയേൺ മ്യൂണിക്കിന് തകർപ്പൻ വിജയം. രണ്ടിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ജർമൻ ചാമ്പ്യന്മാരുടെ വിജയം. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ തോമസ് മുല്ലറിലൂടെ ബയേൺ ആദ്യഗോൾ നേടി. ഏഴാം മിനുട്ടിൽ ഡേവിഡ് അലാബയുടെ ഓൺ ഗോളിൽ ബാഴ്സ ഒപ്പമെത്തിയെങ്കിൽ പിന്നീട് ബയേണിനെ പിടിച്ച് കെട്ടാൻ ബാഴ്സയ്ക്കായില്ല. തോമസ് മുള്ളറുടെ ഇരട്ടഗോളുകളും ഗ്നാബ്രി, പെരിസിച് എന്നിവരുടെ ഏകഗോളുകളുടേയും പിൻബലത്തിൽ ആദ്യപകുതിയിൽ ബയേൺ 4-1 ന് മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. രണ്ടാം പകുതിയിൽ കൗട്ടീഞ്ഞോയുടെ ഇരട്ടഗോളുകളും കിമ്മിച്ചിന്റെയും ലെവൻഡോസ്‌കിയുടെയും ഗോളിൽ ബയേൺ എട്ടുഗോളുകൾ തികയ്ക്കുകയായിരുന്നു. ലൂയി സുവാരസാണ് ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത്.

വിജയത്തോടെ ബയേൺ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. മാഞ്ചസ്റ്റർ സിറ്റി- ലിയോൺ മത്സരത്തിലെ വിജയികളെയായിരിക്കും ബയേൺ സെമിയിൽ നേരിടുക.