മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക.ക്രിസ്റ്റ്യാനോക്കൊപ്പം യുണൈറ്റഡിലും മെസിക്കൊപ്പം അര്‍ജന്റീന ദേശീയ ടീമിലുമാണ് ടെവസ് കളിച്ചിട്ടുള്ളത്.

തന്റെ വിടവാങ്ങല്‍ മത്സരത്തിനായി മുമ്പ് ഒപ്പം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഏഴ് താരങ്ങളെയാണ് ടെവസ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരാളെ പോലും ടെവസ് വിളിച്ചിട്ടുമില്ല. മൂന്ന് ഘട്ടങ്ങളിലായി 150ലേറെ മത്സരങ്ങള്‍ ബോക്ക ജൂനിയേഴ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട് ടെവസ്.

2006ല്‍ വെസ്റ്റ് ഹാം യുണൈറ്റഡിന് കളിച്ചുകൊണ്ടാണ് ഇംഗ്ലണ്ടില്‍ ടെവസ് കളി തുടങ്ങുന്നത്. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും സിറ്റിക്കൊപ്പം ഒരു പ്രീമിയര്‍ ലീഗും ടെവസ് നേടി. അര്‍ജന്റീനയിലെ റേഡിയോ ല റെഡിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിടവാങ്ങല്‍ മത്സരത്തിനുള്ള സ്വപ്‌ന ടീമിനെക്കുറിച്ച് ടെവസ് പറഞ്ഞത്.

ജിയാന്‍ ലൂജി ബഫണ്‍, റിയോ ഫെര്‍ഡിനാന്‍ഡ്, ഹ്യൂഗോ ഇബാറ, പാട്രിക് എവ്‌റ, പോള്‍ സ്‌കോള്‍സ്, ആന്ദ്രേ പിര്‍ലോ, പോള്‍ പോഗ്ബ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, വെയ്ന്‍ റൂണി എന്നിവരാണ് ടെവസിനായി ബോക്ക ജൂനിയേഴ്‌സിനെതിരെ ഇറങ്ങുക. വിടവാങ്ങല്‍ മത്സരം കണ്ടുകൊണ്ട് താന്‍ ബെഞ്ചിലിരിക്കുമെന്നും ടെവസ് റേഡിയോ ലാ റെഡിനോട് പറഞ്ഞു. ആരെങ്കിലും തളര്‍ന്നാല്‍ പകരക്കാരനായിട്ടാകും ടെവസ് ഇറങ്ങുക.