കോവിഡ് ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോക്ഡൗൺ മൂലം പട്ടിണിയിലായവർക്കാണ് ഷമി ഭക്ഷണം വിതരണം ചെയ്തത്. ഉത്തര്‍പ്രദേശിലെ സഹസ്പൂരിലാണ് ഷമി ഇപ്പോള്‍. സഹസ്പൂരിലെ തന്റെ വീടിനോട് ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്യുന്ന സെന്ററുകള്‍ ആരംഭിച്ചിരിക്കുകയാണ് താരം. ദേശിയ പാത 24ലൂടെ കടന്നു പോവുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണ പൊതികളും, മാസ്‌കുകളും ഷമി വിതരണം ചെയ്യുന്നുണ്ട്.

ബിസിസിഐ തന്നെയാണ് ഷമിയുടെ ഈ പ്രവർത്തനങ്ങളെ പറ്റി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വീടുകളിലേക്കെത്താന്‍ ലക്ഷ്യം വെക്കുന്നവര്‍ക്ക് ഷമിയുടെ സഹായം എന്ന് പറഞ്ഞ് പറഞ്ഞ് ബിസിസിഐ, നമ്മള്‍ ഈ പോരില്‍ ഒരുമിച്ചാണെന്നും ഓര്‍മപ്പെടുത്തുന്നു.