കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് ഐഎസ്എൽ സൂപ്പർ താരം മാഴ്സലീഞ്ഞോ. ഹൈദരാബാദ് എഫ്സിയുമായി പിരിഞ്ഞ താരം പുതിയ ക്ലബിനായുള്ള തിരച്ചിലിലാണ്. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ, താരത്തിന് ഉടൻ മറുപടി നൽകേണ്ടെന്നാണ് ക്ലബ് മാനേജ്മെൻ്റിൻ്റെ നിലപാട്.
പണമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ പ്രശ്നം. സീസണിൽ രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് താരത്തിൻ്റെ ശമ്പളം. എന്നാൽ, അത്ര നൽകാൻ മാനേജ്മെൻ്റ് ഒരുക്കമല്ല. കൊവിഡ് പശ്ചാത്തലത്തിൽ വിദേശ താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന തീരുമാനം ഉള്ളതു കൊണ്ട് തന്നെ രണ്ട് കോടി രൂപ കൊടുത്ത് മാഴ്സലീഞ്ഞോയെ ക്ലബിൽ എത്തിക്കേണ്ടതില്ല എന്നാണ് പരിശീലകൻ കിബു വിക്കൂനയുടെയും നിലപാട്. 32കാരനായ താരം ബ്രസീലിലെ ഫ്ലമെംഗോ ക്ലബിലൂടെയാണ് കളി തുടങ്ങിയത്. അത്‌ലറ്റിക്കോ മാഡ്രിഡ്, ഗെറ്റാഫെ തുടങ്ങിയ വമ്പൻ സ്പാനിഷ് ക്ലബുകളിലും ബൂട്ടണിഞ്ഞ താരം ഡൽഹി ഡൈനാമോസ്, പുണെ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ഐഎസ്എൽ ടീമുകളിലും കളിച്ചു. ആകെ 59 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 17 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.