കണ്ണ് നിറഞ്ഞ് വൈകാരികമായാണ് ലിവര്‍പൂളിന്റെ കിരീട നേട്ടത്തോട് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് പ്രതികരിച്ചത്. കരച്ചില്‍ അടക്കാനാതെ വന്നതോടെ വൈകാതെ ഒരുവേള ക്ലോപിന് അഭിമുഖം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി 2-1ന് തോല്‍പ്പിച്ചതോടെയായിരുന്നു ലിവര്‍പൂള്‍ ഏഴ് കളികള്‍ ബാക്കി നില്‍ക്കേ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്.

‘ഇത് മഹത്തായ നിമിഷമാണ്. ശരിക്കുള്ള വാക്കുകള്‍ പോലും വരുന്നില്ല. സ്വപ്‌നം കണ്ടതിലും വളരെ വലിയ നേട്ടമാണ് സത്യമായിരിക്കുന്നത്. ഈ ക്ലബിനൊപ്പം കിരീടം നേടുക മഹത്തരമാണ്. വലിയ ചരിത്രത്തിന്റെ പിന്‍ബലമുള്ള ലിവര്‍പൂളില്‍ കളിക്കാരെ പ്രചോദിപ്പിക്കുക എളുപ്പമായിരുന്നു. എന്നാലും, ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല’ കിരീടം ഉറപ്പിച്ച് മിനുറ്റുകള്‍ക്കകം സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ക്ലോപ്പ് പറഞ്ഞു.

പ്രീമിയര്‍ ലീഗ് കിരീടം മൂന്ന് പതിറ്റാണ്ടിന് ശേഷം ആന്‍ഫീല്‍ഡിലെത്തിയത് ആഘോഷിക്കാതിരിക്കാനായില്ല ലിവര്‍പൂള്‍ ആരാധകര്‍ക്ക്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ‘വീടുകളില്‍ ആഘോഷിക്കൂ’ എന്ന നിര്‍ദേശം പാലിക്കാതെ ആന്‍ഫീല്‍ഡിന് ചുറ്റും ഒത്തുകൂടിയത് ആയിരങ്ങള്‍. ഉച്ചത്തില്‍ പാട്ടുവെച്ചും നൃത്തം ചവിട്ടിയും പൂത്തിരികള്‍ കത്തിച്ചും ഹോണ്‍ മുഴക്കിക്കൊണ്ട് കാറുകളിലെത്തിയും അവര്‍ ഈ രാത്രി ആഘോഷത്തിന്റേതാക്കി.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുമുണ്ട്. നേരത്തെ ഇറ്റാലിയന്‍ കപ്പ് നാപ്പോളി നേടിയപ്പോള്‍ നാപ്പോളി ആരാധകര്‍ തെരുവിലിറങ്ങിയതും വാര്‍ത്തയായിരുന്നു.