മലബാറിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ഐഎസ്എല്ലിലെ കേരളാ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ ചില ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച്‌ നടത്തും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇക്കാര്യത്തിൽ പ്രദീപ് കുമാര്‍ എം.എല്‍.എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രതിനിധികള്‍ എന്നിവര്‍ ചർച്ച നടത്തിയതായാണ് വിവരങ്ങൾ.നിലവില്‍ ഐ-ലീഗ് ക്ലബ്ബ് ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് കോര്‍പറേഷന്‍ സ്റ്റേഡിയം. അങ്ങനെയെങ്ങില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കും ഐ-ലീഗ് മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും.

നേരത്തെ കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെത്തി ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നവരിൽ ഭൂരിഭാഗം മലബാറിൽ നിന്നെത്തുന്ന ആരാധകരായിരുന്നു. മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറ്റുന്നതോടെ മലബാർ ആരാധകർക്ക് കൂടുതൽ സൗകര്യമാവും. എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ പ്രവേശനവും ഒരു ചോദ്യചിഹ്നമാണ്.


Good news for football fans in Malabar