ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. യാതൊരുവിധ കോവിഡ് മുന്‍കരുതലുകളുമില്ലാതെ സെര്‍ബിയയിലും ക്രൊയേഷ്യയിലും ജോക്കോവിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ മത്സരങ്ങളില്‍ പങ്കെടുത്ത ടെന്നീസ് താരങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെയാളാണ് ജോക്കോവിച്ച്.

ബെല്‍ഗ്രേഡില്‍ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് താനിക്കും ഭാര്യ ജെലേനക്കും കോവിഡ് സ്ഥിരീകരിച്ചതെന്ന് ജോക്കോവിച്ച് അറിയിച്ചു. അതേസമയം പരിശോധനയില്‍ ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

കൊറോണ വൈറസ് വ്യാപന ഭീതിക്കിടെ മറ്റു രാജ്യങ്ങളില്‍ നിന്നും കളിക്കാരെ ഉള്‍പ്പെടുത്തി ജോക്കോവിച്ച് പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിച്ചത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത മറ്റൊരു സെര്‍ബിയന്‍ താരമായ വിക്ടര്‍ ട്രോയിക്കിക്കും ഗര്‍ഭിണിയായ ഭാര്യക്കും ചൊവ്വാഴ്ച്ച തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ബെല്‍ഗ്രേഡിലെ പ്രദര്‍ശനമത്സരത്തിനിടെ ജോക്കോവിച്ചിനെതിരെ കളിച്ച താരമാണ് ട്രോയിക്കി.