പോയവര്‍ഷം ഏറ്റവും കൂടുതല്‍ സമ്പാദിച്ച കായികതാരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോയേയും മെസിയേയും മറികടന്നാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. 1990ല്‍ ഫോബ്‌സ് ലോകത്തെ ധനാഢ്യരായ 100 കായിക താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ഒരു ടെന്നീസ് താരം ഒന്നാമെത്തുന്നത്.

ലോക നാലാം നമ്പറായ ഫെഡറര്‍ 2019ല്‍ ഫോബ്‌സ് പട്ടികയില്‍ അഞ്ചാമതായിരുന്നു. 106.3 ദശലക്ഷം ഡോളറാണ് ഫെഡററുടെ പോയ 12 മാസത്തെ സമ്പാദ്യം. ഫെഡറര്‍ക്ക് പിന്നാലെയുള്ള ടെന്നീസ് താരം 29ആം സ്ഥാനത്തുള്ള നവോമി ഒസാക്കയാണ്. നവോമി തന്നെയാണ് ഏറ്റവും വരുമാനം നേടിയ വനിതാ കായികതാരവും.

യുവന്റസ് താരം റൊണാള്‍ഡോ(105 മില്യണ്‍ ഡോളര്‍) രണ്ടാമതും മെസി(104 മില്യണ്‍ ഡോളര്‍) മൂന്നാമതുമെത്തി. പോയവര്‍ഷം മെസിയായിരുന്നു ഏറ്റവും കൂടുതല്‍ വരുമാനം നേടിയ കായികതാരം. നെയ്മര്‍ നാലാം സ്ഥാനത്തും ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് എട്ടാമതുമെത്തി.