ഒരു പ്രതിരോധ നിര താരത്തെ കൂടി ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ട്രായ് എഫ്സിയുടെ 25 കാരൻ ലെഫ്റ്റ് ബാക്ക് ധനചന്ദ്ര മെറ്റെയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമൊടുവിൽ ടീമിലെത്തിച്ചിരിക്കുന്നത്. നേരത്തെ ട്രായ് എഫ്സിയിൽ നിന്ന് സന്ദീപ് സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. നിഷൂ കുമാർ, സന്ദീപ് സിങ് എന്നിവർക്ക് പുറമെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ പ്രതിരോധ താരമാണ് ധനചന്ദ്ര.

മോഹൻബഗാന്റെ യൂത്ത് ടീമിലൂടെയാണ് ധനചന്ദ്ര കളി പഠിക്കുന്നത്. പുണെ, ചർച്ചിൽ ബ്രോദെഴ്സ്, നൊറോക്ക എന്നീ ടീമുകൾക്കായും ഈ മണിപ്പൂരുകാരൻ ബൂട്ടണിഞ്ഞിട്ടുണ്ട്. സീസണിൽ ട്രായ് എഫ്സിക്കായി 12 മത്സരങ്ങളിലും താരം ഇറങ്ങിയിട്ടുണ്ട്. ലെഫ്റ്റ് ബാക്കിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ജെസ്സെൽ കാർണിയോ മുന്നേറുന്നുണ്ടെങ്കിലും ജെസ്സെലിന് മികച്ച ബാക്ക് ആപ്പ് ആയി വളരാൻ കഴിയുന്ന താരമാണ് ധനചന്ദ്ര.