കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിങ് ഡയറക്ടറായി കരോലിസ് സ്കിൻസിയെ നിയമിച്ചതോടെ പരിശീലകൻ ഈൽകോ ഷെറ്റോറി ബ്ലാസ്റ്റേഴ്സിൽ തുടരുമോയെന്ന കാര്യം സംശയത്തിലാണ്. നേരത്തെ ലിത്വാനിയൻ ക്ലബായ എഫ്കെ സുടുവയുടെ ഡയറക്ടറായ കരോളിൻസായിരുന്നു അവരുടെ തീരുമാനങ്ങൾ എടുത്തിരുന്നത്. ബ്ലാസ്റ്റേഴ്സിലും നിർണായക തീരുമാനങ്ങൾ എടുക്കാനാണ് കരോളിൻസിനെ സ്പോർട്ടിങ് ഡയറക്ടറായി നിയമിച്ചത്. അദ്ദേഹത്തിന്റെ പുതിയ പദ്ധതികളിൽ ഷെറ്റോറി ഉൾപെടുമോ ഇല്ലയോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഷെറ്റോറിക്ക് ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമുണ്ടെങ്കിലും പുതിയ നിക്ഷേപകരുടെ തീരുമാനങ്ങൾ ഷെറ്റോറിക്ക് നിർണായകമാണ്.

ഷെറ്റോറിയും ബ്ലാസ്റ്റേഴ്‌സും തമ്മിൽ അഭ്യൂഹങ്ങൾ നീണ്ടുനിൽക്കുന്നെങ്കിലും അദ്ദേഹത്തിന്റെ മുൻ ക്ലബായ നോർത്ത് ഈസ്റ്റ് യൂനൈറ്റഡിന്റെ ആരാധകർ ഷെറ്റോറിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ സീസണിൽ റോബർട്ട്‌ ജാർണിയെ പുറത്താക്കിയത് മുതൽ നോർത്ത് ഈസ്റ്റ് ആരാധകർ ഷെറ്റോറിയെ തിരിച്ച് കൊണ്ട് വരാൻ മാനേജമെന്റിനോട് മുറവിളി കൂട്ടുന്നുണ്ട്. നോർത്ത് ഈസ്റ്റിനെ ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിലെക്കേത്തിച്ച പരിശീലകനാണ് ഷെറ്റോറി. അതിനാൽ തന്നെ അവരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഷെറ്റോറി.അദ്ദേഹത്തിൽ നോർത്ത് ഈസ്റ്റ് ആരാധകർ ഇനിയും വിശ്വാസം അർപ്പിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഷെറ്റോറിക്ക് അനുകൂലമായ കരാർ നൽകിയില്ലെങ്കിൽ നോർത്ത് ഈസ്റ്റ് ഷെറ്റോറിയുമായി പ്രാരംഭ ചർച്ചകൾ ആരംഭിച്ചേക്കും. വീണ്ടും തന്റെ പഴയ ക്ലബ്ബിനെ തന്നെ കളിപഠിപ്പിക്കണമെന്ന് തോന്നിയാൽ ഷെറ്റോറിയുടെ തന്ത്രങ്ങൾ അടുത്ത സീസണിൽ നോർത്ത്ഈസ്റ്റിനൊപ്പമുണ്ടാവും. അങ്ങനെയെങ്കിൽ ഷെറ്റോറി മാത്രമല്ല ഒപ്പം ആദ്ദേഹത്തിന്റെ പ്രിയ ശിക്ഷ്യന്മാരായ ഓഗ്‌ബച്ചേയും മെസ്സി ബൗളിയും അദ്ദേഹത്തോടൊപ്പം നോർത്ത് ഈസ്റ്റിലേക്ക് കൂടുമാറിയേക്കാം.

എന്തായാലും ഈൽകോ ഷെറ്റോറിയെ സംബന്ധിച്ചിടത്തോളം ബ്ലാസ്റ്റേഴ്‌സ് ഡയരക്ടരുടെ തീരുമാനങ്ങൾ നിർണായകമാണ്.