സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയെങ്കിലും അടുത്ത സീസണിലേക്ക് മികച്ച മുന്നൊരുക്കങ്ങൾ നടത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഹൈദരബാദ് എഫ്സിയിൽ നിന്നും രോഹിത് കുമാറിനെയും ട്രായു എഫ്സിയിൽ നിന്ന് സന്ദീപ് സിങ്ങിനെയും സ്വന്തമാക്കി കൊണ്ട് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും കരാർ പൂർത്തിയായി പുറത്തേക്ക് പോകുന്ന ഇന്ത്യൻ താരങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാല് ഇന്ത്യൻ താരങ്ങളാണ് ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

ലാൽരുവതാര

2017-2018 ഐഎസ്എൽ സീസണ് മുന്നോടിയായി നടന്ന പ്ലേയർ ഡ്രാഫ്റ്റിലാണ് ഈ മിസോറം ടാലന്റിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. സീസണിൽ മികച്ച പ്രകടനം നടത്തിയ ലാൽരുവതാര അന്ന് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. ലെഫ്റ്റ് വിങ്ങിലൂടെ കുതിക്കുന്ന താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രശംസയും പിടിച്ച് പറ്റിയിരുന്നു. പ്രസ്തുത സീസണിലെ ഐഎസ്എൽ എമേർജിങ് പുരസ്‌കാരത്തിന് അർഹനായ താരത്തെ 2020 വരെ കരാർ നൽകി ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുകയും ചെയ്തു.

എന്നാൽ 2018-19 സീസണിൽ കഴിഞ്ഞ സീസണിലെ പോലെ മികച്ച പ്രകടനം നടത്താൻ ലാൽരുവതാരയ്ക്ക് സാധിച്ചില്ല. പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു താരം.

ലാൽരുവതാരയുടെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നാം സീസണായിരുന്നു ഇത്. പരിക്ക് വില്ലനായതും ലെഫ്റ്റ് വിങ്ങിൽ ജെസ്സലിന്റെ വരവുമൊക്കെ താരത്തിന് അവസരങ്ങൾ ഇല്ലാതാക്കി. ഈ സീസണോടെ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന താരം ഇതിനോടകം മുംബൈ സിറ്റി എഫ്സിയിൽ പുതിയ കരാർ ഒപ്പ് വെയ്ക്കുകയായിരുന്നു. അടുത്ത സീസണോടെ ലാൽരുവതാര മുംബൈയ്ക്കായി കളിക്കും. മുംബൈയുടെ ലെഫ്റ്റ് ബാക്കായ സുബാഷിഷ് ബോസ് അടുത്ത സീസണിൽ എടികെയിലേക്ക് പോകുന്നതോടെ മുംബൈയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

ഹോളിച്ചരൻ നർസാരി

25 കാരനായ ഹോളിചരൺ 2018 ൽ നോർത്ത് ഈസ്റ്റിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനൊന്നും ഹോളിച്ചരണ് സാധിച്ചില്ല. 2019 ൽ താരത്തെ ചെന്നയിനിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 14 മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ താരം നേടിയിരുന്നു.

ഈ സീസണോടെ താരത്തിന്റെ കരാർ അവസാനിക്കും. നോൺഗ്ദാബ നെറോം മോഹൻബഗാനിൽ നിന്നും ലോൺ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുന്നതോട് ഹോളിച്ചരൻ ഈ സീസണോടെ ബ്ലാസ്റ്റേഴ്സിനോട് വിട പറയും. എന്നാൽ യുവതാരമെന്ന പരിഗണന യിൽ ഹോളിചരണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകാനും സാധ്യത ഉണ്ട്.

പ്രശാന്ത്

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സെൻസെഷണൽ എന്ന പ്രതീക്ഷയോടെയാണ് 2016 ൽ ഈ കോഴിക്കോടുകാരനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. എന്നാൽ പൂർണമായൊരു പ്രകടനം തരത്തിൽ നിന്നുണ്ടായിട്ടില്ല. ഈ സീസണോടെ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന താരത്തെ പരിശീലകൻ എൽകോ ഷെറ്റോറി നിലനിർത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ഡാരെൻ കൽഡേര

ഒരു വർഷത്തെ കരാറിലാണ് താരം മോഹൻ ബഗാനിൽ നിന്നും ബ്ലാസ്റ്റേഴ്സിലെത്തിയത്. യുവതാരം ജീക്സൺ സിങ് മികച്ച പ്രകടനം കാഴ്ച വെക്കുന്നതോടെ അവസരത്തിനായി വിഷമിക്കുകയാണ് കൽഡേര.

കൂടാതെ അടുത്ത സീസണിൽ രോഹിത് കുമാർ കൂടി എത്തുന്നതോടെ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ഭാവി വ്യക്തമായിരിക്കുകയാണ്.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz