മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരമായ ബെര്‍ണാഡോ സില്‍വ സഹതാരമായ ബെഞ്ചമിന്‍ മെന്‍ഡിയെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം.മെന്‍ഡിയുടെ ചെറുപ്പകാലത്തെ ചിത്രവും കൂടെ സ്പാനിഷ് ചോക്ലേറ്റ് ബ്രാന്‍ഡായ കോണ്‍ഗിറ്റോസിന്റെ ചിഹ്നവും സില്‍വ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണം.ചിത്രങ്ങള്‍ ആരെയെങ്കിലും സൂചിപ്പിക്കുന്നുണ്ടോ എന്നതായിരുന്നു സില്‍വ ട്വീറ്റിന് നല്‍കിയ അടിക്കുറിപ്പ്.

ട്വീറ്റിനെതിരെ നിരവധിയാളുകള്‍ താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി.വിവാദമായപ്പോള്‍ സില്‍വ ട്വീറ്റ് പിന്‍വലിക്കുകയും ‘ഇപ്പോള്‍ സുഹൃത്തുക്കളോട് ഒരു തമാശ പോലും പറയാന്‍ പറ്റാതായിരിക്കുന്നു’ എന്ന ട്വീറ്റിടുകയും ചെയ്തു.സിറ്റി പരിശീലകന്‍ സില്‍വയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.സില്‍വ നല്ലൊരു വ്യക്തിയാണെനും അവര്‍(സില്‍വയും മെന്‍ഡിയും) നല്ല സുഹൃത്തുക്കളാണെന്നും ഗാര്‍ഡിയോള പറഞ്ഞു.ഏതായാലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ സില്‍വയ്ക്കെതിരെ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.