ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവര്‍പൂളിന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. അയാക്‌സ് രണ്ടാംപാദ സെമിയിൽ ടോട്ടനത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് അയാക്‌സിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

യോഹാൻ ക്രൈഫിന്‍റെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെങ്കീ ഡി ജോംഗ്, മത്യാസ് ഡീ ലിഗ്റ്റ്, ഡോണീ വാൻ ഡി ബീക് തുടങ്ങിയവരിലാണ് അയാക്‌സിന്‍റെ പ്രതീക്ഷ. പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്. പ്ലേ മേക്കർ സോൻ ഹ്യൂംഗ് മിൻ വിലക്ക് മാറിയെത്തുന്നത് ടോട്ടനത്തിന് കരുത്താവും. ക്യാപ്റ്റൻ ഹാരി കെയ്ന്‍റെ പരുക്ക് മാറാത്തതിനാൽ ഡെലെ അലി, ക്രിസ്റ്റ്യൻ എറിക്സൻ എന്നിവരായിരിക്കും മുന്നേറ്റനിരയിൽ.