കോപ അമേരിക്കയിലെ ആദ്യ മത്സരം തന്നെ കയ്‌പേറിയ അനുഭവമാണ് അര്‍ജന്റീനക്കും മെസിക്കും നല്‍കിയത്. കൊളംബിയ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ അട്ടിമറിച്ചത്. എന്നാല്‍ ഇത് പരാതി പറഞ്ഞിരിക്കാനുള്ള സമയമല്ലെന്നായിരുന്നു ലയണല്‍ മെസി മത്സരശേഷം പ്രതികരിച്ചത്. അര്‍ജന്റീന തിരിച്ചുവരുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും വീണത്. 72ആം മിനുറ്റില്‍ റോജര്‍ മാര്‍ട്ടിനസിന്റെ ബോക്‌സിന്റെ മൂലയില്‍ നിന്നുള്ള വലംകാലനടിയാണ് ആദ്യം അര്‍ജന്റീനയുടെ വല കുലുക്കിയത്. മത്സരം തീരാന്‍ നാല് മിനുറ്റ് മാത്രം ശേഷിക്കെ ഡുവാന്‍ സപാറ്റയിലൂടെ കൊളംബിയ അര്‍ജന്റീന വധം പൂര്‍ത്തിയാക്കി.

തോല്‍വിയുടെ ഞെട്ടലിനിടയിലും ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു മത്സരശേഷം മെസിയുടെ പ്രതികരണം. ‘വെല്ലുവിളികളെ നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. പരാതി പറഞ്ഞിരിക്കാനുള്ള സമയമില്ല. തലയുയര്‍ത്തി ടൂര്‍ണ്ണമെന്റിലെ ബാക്കി മത്സരങ്ങളെ നേരിടും.

കൊളംബിയക്കെതിരായ മത്സരം ഞങ്ങള്‍ക്ക് ഒരു പാഠമാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും വരും മത്സരങ്ങളില്‍ കളിക്കുക-മെസ്സി പറഞ്ഞു.